പത്രക്കുറിപ്പ്
Date : 29.11.2019
പത്രക്കുറിപ്പ് : സ്മാര്‍ട്ട്സിറ്റി കൊച്ചിയിലെ 564 കിലോവാട്ട് സൗരോര്‍ജ്ജ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചു
സ്മാര്‍ട്ട്സിറ്റി കൊച്ചിയിലെ 564 കിലോവാട്ട് സൗരോര്‍ജ്ജ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി : : സ്മാര്‍ട്ട്സിറ്റി കൊച്ചിയുടെ പ്രധാന സമുച്ചയത്തിലെ 564 കിലേ വാട്ട് സൗരോര്‍ജ്ജ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചു. വര്‍ഷം 8,20,000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഈ പ്ലാന്റ് സംസ്ഥാനത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പദ്ധതികളിലൊന്നാണ്.
സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷന് ചെയര്മാന് പ്രേമന് ദിനരാജ് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. സ്മാര്‍ട്ട്സിറ്റി കൊച്ചി സിഇഒ മനോജ് നായര്‍, സണ്‍ഷോട്ട് ടെക്നോളജീസ് സിഇഒ രാഹുല്‍ ദസരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വര്‍ഷം തോറും 670 ടണ്‍ കാര്‍ബണ്‍ മാലിന്യം പുറന്തള്ളുന്നത് ഈ പദ്ധതിയിലൂടെ ഒഴിവാകും. സണ്‍ഷോട്ട് ടെക്നോളജീസ് കമ്മീഷന് ചെയ്ത പദ്ധതി നിര്‍മ്മിച്ചത് ബെര്‍ക്കിലി എനര്‍ജിയാണ്. അന്താരാഷ്ട്ര വിപണികളിലടക്കം നിര്‍മ്മല ഊര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കി വരുന്ന കമ്പനിയാണ് ബെര്‍ക്കിലി. നിക്ഷേപം, പ്രവര്‍ത്തനം, അറ്റകുറ്റപ്പണി തുടങ്ങിയവയെല്ലാം പദ്ധതി നിര്‍വഹിക്കുന്നവര്‍ തന്നെ നടത്തണം.
ബിഒടി മാതൃകയില്‍ സൗരോര്‍ജ്ജ പദ്ധതി നടപ്പാക്കാനുള്ള സ്മാര്‍ട്ട്സിറ്റിയുടെ തീരുമാനം അനുകരണീയമാണെന്ന് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷന് ചെയര്മാന് പ്രേമന് ദിനരാജ് പറഞ്ഞു. വൈദ്യുതി ഉപഭോഗത്തിന്റെ നിശ്ചിത പങ്ക് പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സില്‍ നിന്നു വേണമെന്നാണ് ചട്ടം. പുതിയ സൗരോര്‍ജ്ജ പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡവും സ്മാര്‍ട്ട്സിറ്റി കൊച്ചി പാലിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പാരിസ്ഥിതിക പ്രതിബദ്ധതയും ഹരിത പദ്ധതികളും എന്നും സ്മാര്‍ട്ട്സിറ്റി കൊച്ചിയുടെ മുന്‍ഗണനാ വിഷയങ്ങളാണെന്ന് സിഇഒ മനോജ് നായര്‍ പറഞ്ഞു. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. സ്മാര്‍ട്ട് സിറ്റിയിലെ കമ്പനികളും ആകെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 4.5 ശതമാനമെങ്കിലും പുനരുപയോഗ ഊര്‍ജ്ജത്തില്‍ നിന്നും കണ്ടെത്തുമെന്ന് ഉറപ്പുവരുത്തും. 480 ചെറുകാറുകള്‍ സൃഷ്ടിക്കുന്ന കാര്‍ബണ്‍ മാലിന്യങ്ങള്‍ക്ക് തുല്യമാണ് പുതിയ പദ്ധതി വഴി കുറയുന്ന മാലിന്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിയ്ക്ക് നല്കുന്ന അളവറ്റ സംഭാവനയ്ക്കൊപ്പം തന്നെ ഇതിന്റെ വാണിജ്യ സാധ്യതകളും വലുതാണെന്ന് രാഹുല്‍ ദസരി ചൂണ്ടിക്കാട്ടി. ഭാരക്കുറവും തുരുമ്പിക്കാത്തതുമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പാനലുകള്‍ കൊടുങ്കാറ്റിനെ അതിജീവിക്കാന്‍ കഴിയുന്നവയാണ്. മഴക്കാലത്തും വെളിച്ചക്കുറവുള്ളപ്പോഴും ഈ പാനലുകള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആകെയുള്ള 564 കിലോ വാട്ട് പാനലുകളില്‍ 475 കിലോ വാട്ട് ഉത്പാദിപ്പിക്കാന്‍ കഴിയുന്നവ സ്മാര്‍ട്ട്സിറ്റി കൊച്ചിയുടെ പ്രധാന സമുച്ചയത്തിലും ബാക്കി 89 കിലോവാട്ട് പാനലുകള്‍ പാര്‍ക്കിംഗ് കേന്ദ്രത്തിനു മുകളിലുമാണ്. പ്ലാന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയന്ത്രിത സംവിധാനമാണ് സണ്‍ഷോട്ട് സ്ഥാപിച്ചിരിക്കുന്നത്. മൊഡ്യൂള്‍ ടെമ്പറേച്ചര്‍ സെന്‍സര്‍, ആംമ്പിയന്റ് ടെമ്പറേച്ചര്‍ സെന്‍സര്‍, പിരാനോമീറ്റര്, വൈദ്യുത രക്ഷാചാലകം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും പ്ലാന്റിലുണ്ട്.
വിജ്ഞാനാധിഷ്ഠിതമായ സാങ്കേതിക വിദ്യയുടെ വികാസത്തിനായി 246 ഏക്കറില്‍ ആരംഭിച്ച ഐടി നഗരപദ്ധതിയായ സ്മാര്‍ട്ട്സിറ്റി കൊച്ചി കേരള സര്‍ക്കാരിന്റെയും ദുബായ് ഹോള്‍ഡിംഗിന്റെയും സംയുക്ത സംരംഭമാണ്.